Friday, July 1, 2011

കാലന്നപരൻ

കാലന്നപരൻ


ഒരുച്ചാൺ വയറിനുപണിയെടുപ്പോൻ
ഓമനിക്കുന്നൊരു കുഞ്ഞുപോലും
ഓടിക്കളിക്കേണ്ട പ്രായത്തിലിന്ന്
ഓർത്തുകിടക്കുന്നു വിധിയെയോർത്ത്

കുഴലൂത്തുകാരനാം വിഷരാഗാനുയായി
കാറ്റിൽ പറത്തുന്നു വിപ്ളവങ്ങൾ
കരിച്ചിടുന്നൂ പുതു നാമ്പിനേയും
കരിയുന്നരവയറിലൊരു പിഞ്ചിനേയും

വിഷം പുരട്ടി പണമെറിഞ്ഞുവിത്തായി
വിളയുന്നതൊക്കെയും വിഷമതല്ലോ
വിശക്കുമ്പോഴിവനും കഴിച്ചിടുവാൻ
വിളമ്പുന്നതൊക്കെയുമീ ഫലങ്ങളല്ലോ ?

കാനനത്തിൽ കരുത്തോടങ്കുരിക്കും
കാലങ്ങളോളം കവിതമൂളിനില്ക്കും
കച്ചവടത്തിന്ന് ഇടയില്ലവിടെ
കാലന്നപരനാം കീടനാശിനിക്ക്

ഹരിതാഭയിൽ രാസവള വിഷമെറിഞ്ഞ്
ഹരിതവിപ്ലവം എന്നതേറ്റുചൊല്ലി
ഹരിച്ചുംഗുണിച്ചും വിളവേറെയാക്കി
ഹനിച്ചിടുന്നീ മണ്ണിൻ തനതായതും

മലരൊന്നു വിരിയുമ്പോൾ മധുനുകരാൻ
മകരന്ദൻ അണയുമ്പോൾ വിഷമഴയോ ?
മരണത്തില്പിടയുമീ കീടങ്ങൾതൻശാപം
മായ്ച്ചീടുമോ മാനവരാശിയെയും

- കലാവല്ലഭൻ

.............................................................