Friday, October 7, 2011

ബന്ധങ്ങൾ ബന്ധനങ്ങൾ

ബന്ധങ്ങൾ ബന്ധനങ്ങൾ

ഒന്നായി ചേർന്നൊരാ നാളെനിക്ക്
ഓണമായ് തോന്നിയിരുന്നുവല്ലോ

രണ്ടാമതൊന്നും ചിന്തിച്ചിടാതെ
കൊണ്ടാടുവാനുണ്ടായിച്ഛ ശേഷകാലം

മൂന്നുമാസക്കാലമുൽസവമായി
മൂന്നാമതൊരാൾതൻ വരവറിഞ്ഞു

നാലമതോ പരിചരണത്തിനായി
വേലകളറിയുന്നൊരമ്മായിയെത്തി

അഞ്ചുനിമിഷമൊന്നൊപ്പമിരുന്ന്
പിഞ്ചിന്നനക്കമൊന്നറിയാതെയായ്

ആറുകടത്തിയെൻ സ്വകാര്യതയെ
അറുപതിലെത്തിയാ കിഴവിയാലെ

ഏഴിൽ ശനിയായി നിന്നവരെന്റെ
ആഴമേറും ബന്ധമകറ്റിടുന്നു

എട്ടുപോൽ വളരും തലയുമുടലും
വട്ടുപിടിച്ചപോലെയാക്കിയെന്നെ

ഒമ്പതു മാസക്കാലം കടന്നുപോയി
കൊമ്പനൊരെണ്ണം ഭൂജാതനായി

പത്തോണം പലതും കടന്നുപോയെങ്കിലും
പത്തനം വിട്ടവരക്കരെ തന്നെ നിന്നു

ഇമ്മട്ടിലമ്മമാർ സ്നേഹിച്ചിടുകിൽ
അമ്മമാരാവും മക്കളെന്തു ചെയ് വൂ

അമ്മയെന്തച്ഛനെ അകറ്റിടാത്തൂ
വിമ്മിഷ്ടമുണ്ടാക്കിടും ചോദ്യശരം

- കലാവല്ലഭൻ
...........................................
ഇനി ഇതൊന്ന് കേട്ടുനോക്കാം :